മണിക്കൂറുകൾക്ക് ശേഷം ആശ്വാസവാർത്ത; അബിഗേൽ സാറാ റെജിയെ കണ്ടെത്തി.

20 മണിക്കൂറുകൾക്ക് ശേഷമാണ് ആറുവയസ്സുകാരിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയ സംഘം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കള‍ഞ്ഞു.

0
181

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറു വയസ്സുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 20 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി കുട്ടിയെ സഹോദരന് മുന്നിൽവെച്ച് കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത് . ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ ആണ് കടത്തിക്കൊണ്ട് പോയത്.

പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഒരിഞ്ച് വിടാതെ സിസിടിവികൾ അരിച്ചു പെറുക്കിയും പോലീസ് അന്വേഷണം ഊർജിതമായിരുന്നു. നാട്ടുകാരുടേയും ജനപ്രതിനിധികളടക്കമുള്ളവരുടേയും സഹകരണത്തോടെ ഒരു നാട് ഒന്നടങ്കമാണ് ആറ് വയസുകാരിക്കായി തിരച്ചിൽ നടത്തിയിരുന്നത്.