നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യത കൊണ്ടാണ് യുഡിഎഫ് സദസ്സ് ബഹിഷ്‌കരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ മലപ്പുറത്തെ ആദ്യവേദിയായ പൊന്നാനിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവർക്കും സഹകരിക്കാൻ കഴിയുന്ന സംരംഭത്തെയാണ് യുഡിഎഫ് ബഹിഷ്കരിക്കുന്നത്. 140-ൽ 41 മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് പ്രവർത്തിക്കുന്നത്. എന്നാൽ യുഡിഎഫ് സദസിനെ പൂർണമായും ബഹിഷ്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസ്സ് അശ്ളീല സദസ്സ് ആണെന്ന് വരെ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞു എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ബഹിഷ്‌കരത്തോടെ പരിപാടി ശുഷ്‌ക്കിക്കും എന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാൽ വിപരീതമായ കാര്യങ്ങൾ ആണ് നടക്കുന്നത്. വഴിനീളെ ഓരോ പ്രദേശത്തും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു .ബഹിഷ്‌കരണത്തിന് തൊട്ട് പിന്നാലെ എല്ലാ ദിവസങ്ങളിലും ഒന്നിനൊന്നു മെച്ചപ്പെട്ടു എന്ന് മാത്രം അല്ല, ഓരോ പരിപാടിക്കും ജനം വിശാലമായ വേദിയാണ് ഒരുക്കുന്നത്. വേദിയ്ക്ക് പുറത്തേക്കും ആളുകൾ എത്തുന്ന നിലയാണ് ഉണ്ടായത്. പൊന്നാനിയിൽ കണ്ടതും ഇത്തരത്തിലുള്ള ഒരു സ്വീകരണമാണെന്നും വരും ദിവസങ്ങളിൽ ഇതിലും വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.