കുസാറ്റ് അപകടം; നാല് പേർ മരിക്കാനിടയായ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കുസാറ്റ് അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നടപടി സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിൽ.

0
81

കൊച്ചി : കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങൾ ദുരന്തം ഉണ്ടായ ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത് ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത,താമരശ്ശേരി സ്വദേശി സാറാ തോമസ്, കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി. കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് കുസാറ്റ് ദുരന്തത്തിൽ മരിച്ചത്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.