കൊല്ലം : ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക്ഫോൺകോൾ. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നാണ് ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടി സുരക്ഷിതയാണ് എന്ന് പറഞ്ഞതായും വിവരമുണ്ട്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മരുതമൺപള്ളിക്കു സമീപം വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്. തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. കാറില്‍ നാലുപേരുണ്ടായിരുന്നു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും സഹോദരന്‍ താഴെ വീഴുകയുമായിരുന്നു എന്നാണ് പറയുന്നത്.
സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാറ് കണ്ടെത്തി. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നത്. കാറിന്റെ നമ്പര്‍ വ്യാജമാകാനും സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.