കാത്തിരിപ്പ് അവസാനിക്കാറായോ; ധ്രുവനച്ചത്തിരം ഡിസംബര്‍ 8 ന് തീയറ്ററുകളിലേക്ക് ?

സിനിമി പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 8 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ.

0
248

വർഷങ്ങളായി സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രം നായകനായി എത്തുന്ന​ ധ്രുവനച്ചത്തിരം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും ചിത്രം ഇതുവരെയും തീയറ്ററുകളിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ​ഗൗതം വസുദേവ് മേനോന്‍ ആണ് ധ്രുവനച്ചത്തിരത്തിന്റെ സംവിധായകൻ. റിലീസിനായി പല തീയതികളും പറ‍ഞ്ഞെങ്കിലും ഏറ്റവും അവസാനം അത് മാറ്റേണ്ടതായി വരും. ഏറ്റവും ഒടുവിൽ നവംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ അവസാന നിമിഷം ഇതും മാറ്റി വെക്കുകയായിരുന്നു. സാമ്പത്തികമായ ബാധ്യത മൂലമാണ് ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ പോവുന്നതെന്ന് ചില തമിഴ് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രം ഡിസംബര്‍ 8 ന് എത്തുമെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ എക്സിലൂടെയാണ് അറിയിച്ചിട്ടുള്ളത്. കേരളത്തിലെ തിയറ്ററുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.​ ഈ ആഴ്ച തന്നെ ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്ന് അണിയറക്കാര്‍ മുൻപ് പറ‍ഞ്ഞിരുന്നു. എന്നാൽ അത് പ്രതീക്ഷിക്കണ്ട എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

ഗൌതം മേനോന്‍റെ സിനിമാജീവിതത്തില്‍ റിലീസ് ഏറ്റവും നീണ്ടുപോയ പ്രോജക്റ്റ് ആണ് ധ്രുവനച്ചത്തിരം. ​ഗൗതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. വിക്രത്തിനെ കൂടാതെ റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഉടനെതന്നെ ചിത്രം തീയറ്ററുകളിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.