കുസാറ്റ് ദുരന്തം ; താല്‍ക്കാലിക വൈസ് ചാന്‍സലറെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം.

വിദ്യാര്‍ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വി സി ഡോ പി ജി ശങ്കരന്‍ അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്.

0
229

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ കുസാറ്റ് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ (വി സി) ഡോ പി ജി ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയത്. വിദ്യാര്‍ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വി സി ഡോ പിജി ശങ്കരന്‍ അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്.

ഇപ്പോഴുള്ള സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദുരന്തമുണ്ടാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനറാലിക്കിടെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടതിനെ തുടര്‍ന്നാണ് 2015-ല്‍ഹൈക്കോടതി ക്യാമ്പസുകളിലെ പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ നിര്‍ദേശങ്ങള്‍ കുസാറ്റില്‍ പാലിക്കപ്പെട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കില്‍ കുസാറ്റില്‍ ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഇവർ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട യൂത്ത് ഫെല്‍ഫയര്‍ ഡയറക്ടര്‍ പി കെ ബേബിയെ തന്നെയാണ് അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.​