അടിമകളല്ല, അവകാശികളെന്ന ബോധ്യം ഉണ്ടാകണം : ജസ്റ്റിസ് കെ എം ജോസഫ്

0
157

ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ഭരണഘടന നിഷ്‌കർഷിക്കുന്ന പൗരാവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കി അടിമകളല്ല അവകാശികളാണെന്ന ബോധ്യമുണ്ടാകണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി  ജസ്റ്റിസ് കെ എം ജോസഫ്. അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്നും ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതിയാണ് ഭരണഘടന ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലൂന്നിയതാകണം ജനാധിപത്യം.  ഈ ഘടകങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ വരാതെ പരസ്പരപൂരകമായി നിലനിർത്തണം. നിയമവാഴ്ച ശക്തമാക്കിയാലേ രാജ്യത്തിന് വളരാനാകൂ. നിയമ പാലനവും ശീലമാക്കണം. വർണ-വർഗ വേർതിരുവുകളും രാഷ്ട്രീയ ചായ്വുകളും  കൂടാതെ  നിഷ്പക്ഷ നിലപാടുകൾക്കാണ്  ജഡ്ജിമാർ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം ലോ കോളേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും പർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ എസ് ആർ  ശക്തിധരൻ അദ്ധ്യക്ഷനായി. മുൻ എംപി എ സമ്പത്ത്, പർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു സി, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സലീന യു എന്നിവരും പങ്കെടുത്തു.