സാറാ തോമസിന് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുസാറ്റ് ക്യാമ്പസിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് അതുല്‍ തമ്പിയുടെ മൃതദേഹം ജന്‍മ നാടായ കൂത്താട്ടുകുളത്തേയ്ക്കും സാറാ തോമസിന്റെ മൃതദേഹം സ്വന്തം നാടായ താമരശ്ശേരിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം സ്വദേശമായ പാലക്കാട് മുണ്ടൂരിലേക്കും കൊണ്ടുപോയിരുന്നു. അതേസമയം നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റുഫ്തയുടെ സംസ്‌കാരം ഇറ്റലിയിലുള്ള അമ്മ വന്നതിനു ശേഷമായിരിക്കും നടക്കുക. അതുവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പുറമെ മന്ത്രിമാരായ പി.രാജീവ്, ആര്‍ ബിന്ദു, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എം എല്‍ എ മാര്‍ തുടങ്ങി വിവിധ രംഗത്തുള്ളവരും വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയും മൃതദേഹങ്ങളില്‍ റീത്തര്‍പ്പിച്ചു. 11 മണിയോടെയാണ് പൊതുദര്‍ശനം അവസാനിച്ചത്.