രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

0
203

രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. വൃക്ക നല്‍കിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഴുവന്‍ ടീമംഗങ്ങളെയും അഭിനന്ദിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അടുത്തിടെ അനുമതി നല്‍കിയിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.