നവ കേരള സദസ് അലങ്കോലമാക്കാൻ ഗൂഢ നീക്കം, പിന്നിൽ പ്രതിപക്ഷ നേതാവ്

പ്രതിഷേധത്തിന്റെ മറവിൽ കരിങ്കൊടിയുമായി ഇറക്കുന്നത് ക്രിമിനലുകളെ

0
116

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവ കേരള സദസ് അലങ്കോലമാക്കാൻ ഗൂഢ നീക്കം. നവ കേരള സദസിന്റെ അഭൂതപൂർവമായ വിജയത്തിലും ജനമുന്നേറ്റത്തിലും വിറളി പൂണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അക്രമാസക്ത സമരത്തിന് ഗൂഢാലോചന നടത്തിയത്. സദസിനെതിരെ നടത്തിയ കുപ്രചാരണങ്ങളെല്ലാം പൊളിഞ്ഞു പാളീസായത്തോടെയാണ് അക്രമവുമായി കോൺഗ്രസ് രംഗത്തുവന്നത്. യു ഡി എഫ് മുഖപത്രം മനോരമയും സംഘപരിവാർ ചാനൽ ഏഷ്യാനെറ്റും അടക്കമുള്ള മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കള്ളത്തരങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല, വി ഡി സതീശൻ സദസിനെതിരെ വാർത്താ സമ്മേളനത്തിൽ വിളിച്ചുപറഞ്ഞതെല്ലാം പച്ചക്കള്ളം ആണെന്ന് തെളിയുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അടക്കമുള്ള ഉന്നത നേതാക്കൾ ചേർന്ന് അക്രമ സമരത്തിന് ഗൂഢാലോചന നടത്തിയത്. ദുഷ്പ്രചാരണങ്ങൾ എല്ലാം ജനങ്ങൾ തള്ളിയതോടെ വി ഡി സതീശൻ ആകെ പരിഭ്രാന്തിയിലാണ്. അസൂയയും കുശുമ്പും മൂത്ത് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് പ്രതിപക്ഷ നേതാവ്. സംസ്കാരവും മാന്യതയും തീരെ തൊട്ടുതീണ്ടാത്ത തരത്തിലാണ് സതീശന്റെ പ്രതികരണമെല്ലാം. വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിൽ സ്വന്തം പ്രവർത്തകനെ പച്ചത്തെറി വിളിച്ച അതേ നിലവാരത്തിലാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ സംസാരിക്കുന്നത്.

സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസ് മാറിയതോടെയാണ് പ്രതിപക്ഷ നേതാവിന്റെ സമനില തെറ്റിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ അക്രമ സമരത്തിന് കോപ്പ് കൂട്ടാൻ സതീശനെ പ്രേരിപ്പിച്ചത്.

നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ എങ്ങനെയും തകർക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഏക ലക്ഷ്യം. അതിനായി തരം താണ നാലാം കിട കളിയാണ് സതീശന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.
നവ കേരള സദസിനെതിരെ പരസ്യ പ്രതിഷേധം പാടില്ലെന്ന് രമേശ്‌ ചെന്നിത്തല അടക്കമുള്ളവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ചെന്നിത്തലയല്ല, താൻ പറയുന്നതാണ് കോണ്ഗ്രസ് നടപ്പാക്കേണ്ടത് എന്നാണ് സതീശൻ പറയുന്നത്. ചെന്നിത്തല പലതും പറയുമെന്നും താൻ പറയുന്നത് മാത്രം കേട്ടാൽ മതിയെന്നുമാണ് സതീശൻ കഴിഞ്ഞ ദിവസം ചില നേതാക്കൾക്ക് നൽകിയ നിർദേശം. കോൺഗ്രസിലെ തമ്മിലടി മറച്ചുവെക്കാനും പ്രതിഷേധം വഴി സതീശൻ ലക്ഷ്യം വെക്കുന്നുണ്ട്. പുനഃസംഘടനാ വിഷയത്തിൽ വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും സതീശനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത് മറച്ചുവെക്കാൻ കൂടി വേണ്ടിയാണ് സതീശന്റെ അക്രമ സമര ആഹ്വാനം.
മുസ്ലിംലീഗും കോൺഗ്രസിന്റെ അക്രമ സമരത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. ഇതോടെ വി ഡി സതീശന് പിരി വെട്ടി. തുടർന്നാണ് അക്രമ സമരങ്ങളുടെ തുടക്കം.

കഴിയുന്നത്ര മേഖലകളിൽ കുഴപ്പം ഉണ്ടാക്കി മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചിട്ടുള്ളത്. പരമാവധി അക്രമം ഉണ്ടാക്കിയാൽ വലിയ വാർത്തയാക്കാമെന്നും സതീശൻ ചില നേതാക്കൾക്ക് നൽകിയ ഉറപ്പ്. ചാനലുകളിലെ രാത്രി ചർച്ചകളിൽ ഇത് വിഷയമാക്കി കൊണ്ടുവരാമെന്നും അതിനുള്ള ഉറപ്പ് ചില മാധ്യമ പ്രവർത്തകർ തന്നെ അറിയിച്ചിട്ടുണ്ടെന്നും സതീശൻ ഏതാനും നേതാക്കളോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട്, താമരശേരി എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസും കെ എസ് യുവും പ്രതിഷേധം എന്ന പേരിൽ അക്രമം നടത്തിയത്. പ്രതിഷേധത്തിന്റെ മറവിൽ പ്രവർത്തകർ എന്ന വ്യാജേന ക്രിമിനലുകളെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. പ്രാദേശികമായി നിരവധി കേസുകളിൽ പ്രതികളായവരാണ് കരിങ്കൊടി പ്രകടനം നടത്തുന്നത്.
നവ കേരള സദസിനും മുഖ്യമന്ത്രി പിണറായി വിജയനും പിന്നാലെയാണ് മാധ്യമങ്ങൾ എല്ലാം. ദേശീയ മാധ്യമങ്ങളിലും നവ കേരള സദസ് വലിയ ചർച്ചയാണിപ്പോൾ. അതുകൊണ്ടുതന്നെ ഇതില്ലാതാക്കാൻ ബോധപൂർവം പ്രകോപനം ഉണ്ടാക്കുകയാണ് വി ഡി സതീശനും സംഘവും. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അക്രമ സമരവും.