വധശ്രമകേസ് പ്രതിയെ പിടികൂടാനെത്തിയ എസ് ഐയെയും സംഘത്തെയും ആക്രമിച്ചു, 8 പേർക്കെതിരെ കേസ്

0
145

ബദിയടുക്ക: വധശ്രമ കേസിലെ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ എസ്‌ഐയേയും പൊലീസുകാരെയും ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം. സംഭവത്തിൽ എട്ടു പേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പെര്‍ള ചെക്ക്‌പോസ്റ്റില്‍ ബദിയടുക്ക എസ്‌ഐ എന്‍ അന്‍സാറിനെയും സംഘത്തെയുമാണ് വാഹനം ഇടിച്ചുകയറ്റിയും ആയുധങ്ങൾ വീശിയും ആക്രമിക്കാൻ ശ്രമിച്ചത്. പെര്‍ള നല്‍ക്ക ഹൗസില്‍ ബി.മൊയ്തീന്‍കുഞ്ഞിയെ ഡെസ്റ്റര്‍ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കത്തി നൗഷാദ് എന്ന നൗഷാദിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കത്തിനൗഷാദിന്റെ സഹോദരന്റെയും സുഹൃത്ത് ഉടുമ്പ് നൗഷാദ് എന്ന നൗഷാദിന്റെയും കണ്ടാലറിയാവുന്ന മറ്റ് ആറുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. അക്രമികളെ പ്രതിരോധിച്ച് കത്തി നൗഷാദിനെയും വധശ്രമത്തിന് ഉപയോഗിച്ച ഡസ്റ്റർ വാഹനവും പോലീസ് കസ്റഡിയിലെടുത്തു.

പെർള ചെക്ക് പോസ്റ്റിൽ വെച്ച് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് നൗഷാദിന്റെ കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെക്കുകയും പോലീസിന്റെ നടപടി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ ബലംപ്രയോഗിച്ച് നൗഷാദിനെ വാഹനത്തില്‍ കയറ്റിയശേഷം മൊയ്തീന്‍കുഞ്ഞിയെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡസ്റ്റര്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നൗഷാദിന്റെ സഹോദരന്‍ തടയുകയും ഡസ്റ്ററിന്റെ താക്കോല്‍ നല്‍കില്ലെന്ന് പറഞ്ഞ് എസ്‌ഐയേയും പോലീസുകാരേയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നൗഷാദിന്റെ സഹോദരനെ പിടികൂടിയ എസ്‌ഐ അന്‍സാറിനെ പ്രതികള്‍ അടിക്കുകയും അക്രമിക്കുകയും ചെയ്തു.

ഇതോടെ ഉടുമ്പ് നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ബഹളം വെച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തി. പിന്നീട് റിക്കവറി വാഹനം ഉപയോഗിച്ചാണ് ഡസ്റ്ററിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത എട്ടംഗസംഘത്തെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.