നവ കേരള സദസ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകി ബൃന്ദ കാരാട്ട്

0
174

തിരുവനന്തപുരം: നവകേരളസദസുമായി ബന്ധിപ്പിച്ച്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ പാർലമെന്റ്‌ അംഗവുമായ ബൃന്ദ കാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ ബൃന്ദകാരാട്ട്‌ ആവശ്യപ്പെട്ടു.

‘കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും’ ബൃന്ദ കാരാട്ട് പറഞ്ഞതായാണ്‌ കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർടിയുടെയും സൽപ്പേര്‌ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതാണെന്നും താൻ പറഞ്ഞതെന്ന വ്യാജേനയാണ്‌ തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ളതാണ്‌ ഇത്തരം നീക്കമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്‌.