കുഞ്ഞിനെ മുലയൂട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്

വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും

0
196

തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുലപ്പാല്‍ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കപ്പെട്ടു പോകുമ്പോള്‍ മുലപ്പാലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിര്‍ബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സമ്പൂര്‍ണ മുലയൂട്ടല്‍ കാലം കഴിഞ്ഞ് രണ്ട് വയസുവരെ മുലയൂട്ടല്‍ തുടരേണ്ടത് കുഞ്ഞുങ്ങളുടെ വളര്‍ച്ചയേയും ബുദ്ധിവികാസത്തേയും രോഗ പ്രതിരോധ ശേഷിയേയും വര്‍ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വനിത ശിശുവികസന വകുപ്പും ആരോഗ്യ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ശിശുസൗഹൃദ, ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സമുച്ഛയങ്ങള്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശിശു പരിപാലന കേന്ദ്രങ്ങളും മുലയൂട്ടല്‍ കേന്ദ്രങ്ങളും സ്ഥാപിച്ചു വരുന്നു. വനിതശിശു വികസന വകുപ്പിന്റെ കീഴില്‍ മാത്രം 28 മുലയൂട്ടല്‍ കേന്ദ്രങ്ങളും ക്രഷുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുകയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രികളായി പരിവര്‍ത്തനം ചെയ്യ്തു വരുന്നു. 50 ഓളം ആശുപത്രികളെ മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റി.

വിവിധ കാരണങ്ങളാല്‍ മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് മുലപ്പാല്‍ ബാങ്കുകളും സ്ഥാപിച്ചു വരുന്നു. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഈ സര്‍ക്കാരിന്റെ കാലത്താണ് മില്‍ക്ക് ബാങ്ക് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും മില്‍ക്ക് ബാങ്ക് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ 23 പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലാക്‌ടേഷന്‍ മാനേജ്‌മെന്റ് യൂണിറ്റുകളും സജ്ജമാക്കി വരുന്നു.