ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

0
89

കൊല്ലം> സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി(96)അന്തരിച്ചു. മുസ്ലീം വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ഗവർണറുമായിരുന്നു. ഇന്ന് 12 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

രാജ്യത്തിന്റെ സുപ്രീംകോടതിയിൽ 1989-ലാണ്  ആദ്യത്തെ വനിതാ ജഡ്ജിയായി ഫാത്തിമ ബീവി നിയമിതയായത്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ  തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023-ൽ കേരള പ്രഭ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു.

1927 ഏപ്രിൽ 30 ന് തിരുവിതാംകൂർ രാജ്യത്തിലെ ഭാഗമായിരുന്ന ഇന്നത്തെ പത്തനംതിട്ടയിൽ അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി റാവുത്തർ  കുടുംബത്തിൽ ജനിച്ചു .പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിഎസ്‌സി നേടി . തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിഎൽ നേടി .

1950 നവംബർ 14-ന് ബീവി അഭിഭാഷകയായി എൻറോൾ ചെയ്തു. 1950-ൽ ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതെത്തി. കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.