കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത സംഭവം; യുവതി അറസ്റ്റിൽ

0
293

കോട്ടയം കോടിമതയിൽ വച്ച് കാർ യാത്രികരായ സ്ത്രീകൾ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന്റെ ഹെഡ്ലൈറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെഡ്ലൈറ്റ് തകർത്ത കോട്ടയം പൊൻകുന്നം സ്വദേശിനി സുലു (26) ആണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസെടുത്ത കേസിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ്. കോടിമതയിൽ വച്ച് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിലെ മിററിൽ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടി.

ഇതോടെ ബസിലെ ജീവനക്കാരുമായി ഇവർ തർക്കത്തിലായി. കാർ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററിൽ തട്ടിയതെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ അഭിപ്രായം. തർക്കത്തിനൊടുവിൽ സ്ത്രീകൾ കാറിനടുത്തേക്ക് പോകുകയും പിന്നീട് കാറിൽ നിന്ന് ലിവർ എടുത്ത് ബസിന് മുൻവശത്തുള്ള രണ്ട് ഹെഡ്ലൈറ്റുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പിന്നാലെ ഇരുവരും കാറിൽ കയറി ഓടിച്ചുപോയി. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി. ആലപ്പുഴ രജിസ്ട്രേഷൻ കാറിൽ ഇവർ രക്ഷപ്പെട്ടെന്ന് പൊലീസ് മനസിലാക്കി അന്വേഷണത്തിനിടെയാണ് സുലു സ്റ്റേഷനിൽ ഹാജരായത്. ഒപ്പം ഉണ്ടായിരുന്ന അമ്മ ഒളിവിലാണ്. സുലുവിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.