വ്യാജ ഐഡി കാർഡ് കേസ്: 4 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ; രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്

0
113

അടൂർ : വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ  കസ്റ്റഡിയിലെടുത്ത 4 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.  പത്തനംതിട്ട സ്വദേശി വികാസ് കൃഷ്‌ണൻ, ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന്കുഴിയിൽ ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് 4 പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്. രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശനിയാഴ്ച ഹാജരാവാനായി ആവശ്യപ്പെട്ട് നോട്ടീസ് നൽകും.

കസ്റ്റഡിയിലായിരുന്ന 4 പേരുടെയും വീടുകളിൽ ചൊവ്വ പുലർച്ചെ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇവയിൽനിന്ന്‌ നശിപ്പിച്ച തെളിവുകൾ സൈബർ പൊലീസ്‌ വീണ്ടെടുത്തതോടെയാണ്‌ അറസ്‌റ്റ്‌. തെരഞ്ഞെടുപ്പു കമീഷൻ നൽകുന്ന മാതൃകയിലുള്ള വോട്ടർ ഐഡി കാർഡുകൾ, ഇതു തയ്യാറാക്കാനായി സൂക്ഷിച്ച നിരവധി പേരുടെ ചിത്രങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ തെളിവുകളായി വീണ്ടെടുത്തിട്ടുണ്ടെന്നാണ്‌ വിവരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയന്ത്രണത്തിൽ അടൂർ കേന്ദ്രീകരിച്ചാണ്‌ വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡ് നടത്തിയത്‌. രാഹുലിന്റെ പറക്കോട്ടെയും കടമ്പനാട്ടെയും ബ്യൂട്ടി പാർലറുകൾ ഇതിന്‌ മറയാക്കിയെന്ന വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. രാഹുലിനൊപ്പം നിൽക്കുന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ്‌ നിരീക്ഷണത്തിലാണ്.