അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ…’ മുന്നറിയിപ്പുമായി പൊലീസ്

0
184

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് കേരളാ പൊലീസ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് വരുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനുള്ളില്‍ തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണം. ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

‘നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. SMS ആയോ ഇ-മെയിലിലൂടെയോ വാട്ട്‌സ് ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല..ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.’-പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസവും സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍ ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കോളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുകഅനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കണമെന്നും പൊലീസ് അറിയിച്ചു