സൗദിയിലെ വിവിധ നഗരങ്ങളിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി

0
70

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ ശക്തമായ മഴക്കൊപ്പം ഇടി മിന്നലും, വേഗതയേറിയ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, റിയാദ്, ഷർഖിയ തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും വളരെയധികം സാധ്യതയുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, ഹായിൽ, എന്നിവിടങ്ങളിൽ കാഴ്ചക്ക് മങ്ങലേൽപ്പിക്കുംവിധം പൊടിക്കാറ്റുണ്ടാകും. കൂടാതെ താപനിലയിലും ഗണ്യമായ കുറവുണ്ടാകും.

റിയാദ് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കനത്ത മഴ പെയ്തു, മിക്ക സമയങ്ങളിലും ആകാശം മൂടിക്കെട്ടിയ അവസ്ഥയിലാണ്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും തണുപ്പെത്തി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർധിക്കും. തുറൈഫ് ഗവർണറേറ്റിൽ ഇന്ന് 7 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് തുറൈഫിൽ രേഖപ്പെടുത്തിയതെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.