ടെക്കിയെന്ന് കളവു പറഞ്ഞ കാമുകനെ ഉപേക്ഷിച്ച് 21കാരി; കഴുത്തറുത്ത് കൊന്ന് പ്രതികാരം ചെയ്ത് കാമുകൻ അറസ്റ്റിൽ

പ്രണയത്തിൽ നിന്ന് പിൻമാറി; എഞ്ചിനിയറിങ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
315

മൈസൂരു: പ്രണയബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ 21കാരിയായ മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.ഹാസൻ ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനി സുചിത്രയാണ് കൊല്ലപ്പെട്ടത്. ഹാസനിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുന്തി ഹിൽസിൽ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്.

സുചിത്ര പഠിച്ച അതേ കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ബംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി തേജസ്. ഹോം ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന തേജസ് താനൊരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നായിരുന്നു സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സത്യം അറിഞ്ഞതോടെ സുചിത്ര തേജസിനെ അവഗണിക്കാൻ തുടങ്ങി. കളവ് പറഞ്ഞതിനെ ചൊല്ലി ഇരുവരും വാക്ക് തർക്കവും സ്ഥിരമായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് തേജസ് സുചിത്രയെ കുന്തി ഹിൽസിലേക്ക് വിളിച്ചുവരുത്തിയത്.

ഇവിടെ വച്ച് വീണ്ടും തർക്കം തുടങ്ങി. തുടർന്ന് പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് സുചിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്.