മത്സ്യബന്ധന തുറമുഖത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ 35 ബോട്ടുകൾ കത്തിനശിച്ചു

0
328

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ 35 ബോട്ടുകൾ കത്തിനശിച്ചു. തിങ്കള്‍ പുലര്‍ച്ചെ ഒന്നൊടെയാണ് തീ പടര്‍ന്നത്. ബോട്ടുകളില്‍ സൂക്ഷിച്ചിരുന്ന ഡീസലും ​ഗ്യാസ് സിലിണ്ടറുകളുമാണ്‌ തീ വേ​ഗത്തില്‍ വ്യാപിക്കാന്‍ കാരണമായത്. 15 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. 35 മുതല്‍ 50 ലക്ഷം രൂപവരെ വിലമതിക്കുന്ന ബോട്ടുകളാണ്‌ കത്തി നശിച്ചത്‌. തീ പിടിച്ച ബോട്ട് കെട്ടഴിച്ച് മാറ്റിയെങ്കിലും കാറ്റിലും തിരയിലുംപെട്ട്‌ തിരികെ എത്തിയതോടെ തീ മറ്റുബോട്ടുകളിലേക്ക്‌ പടരുകയായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു.

പുലർച്ചെ നാലോടെ തീ നിയന്ത്രണവിധേയമായി. 25 അ​ഗ്നിശമന യൂണിറ്റും നാവിക സേനയുടെ സഹാറ ബോട്ടും എത്തിയാണ്‌ തീയണച്ചത്. ഞായര്‍ രാത്രി ഒരു ബോട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നെന്നും അതിനിടെ രണ്ട്‌ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായും വിവരമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.  പതിനഞ്ചോളം പേര്‍ക്കായി അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു യുട്യൂബറെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.