പൈവളികെ: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്തിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെതിരെ മലയാള മാധ്യമങ്ങൾ നടത്തിയ കുത്തിത്തിരിപ്പിന് പുല്ലുവില. ആഡംബര ബസ് എന്നൊക്കെ പറഞ്ഞ് വലിയ കോലാഹലം ഉണ്ടാക്കിയ മാധ്യമങ്ങൾ നിരാശരായി. ഉദ്ഘാടനത്തിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരെയും വഹിച്ച് ബസ് എത്തിയപ്പോൾ ജനങ്ങൾ ഹർഷാരവം മുഴക്കിയാണ് വരവേറ്റത്. നിറഞ്ഞ കയ്യടികളോടെ, വലിയ സന്തോഷത്തോടെ നാട്ടുകാർ വാഹനത്തെ സ്വീകരിച്ചു.
പരിപാടി നടന്ന പൈവളിക സ്കൂൾ ഗ്രൗണ്ടിനടുത്തുള്ള വളവിൽ ബസ് എത്തിയപ്പോൾ ജനങ്ങൾ കയ്യടിച്ചു. പിന്നാലെ നാടാകെ ത്രസിപ്പിക്കുന്ന ഹർഷാരവവും വിസിലടിയും. ഒന്നിന് പിറകെ ഒന്നായി ജനങ്ങൾ ബസിനടുത്തേക്ക്. തുളുനാടിന്റെ തനതു വാദ്യമായ കൊമ്പ് വിളിയുടെ അകമ്പടിയോടെയാണ് ബസിനെ ഉദ്ഘാടനം നടക്കുന്ന വേദിക്ക് അരികിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് പോലും ബസിൽ നിന്നും ഇറങ്ങാൻ കഴിയാത്തവിധം ജനങ്ങളുടെ സ്നേഹ പ്രകടനം. മാധ്യമങ്ങൾ എന്തും പറഞ്ഞോട്ടെ, തങ്ങൾ അതൊന്നും കണക്കിലെടുക്കില്ല എന്നായിരുന്നു ജനങ്ങളുടെ പ്രതികരണം.
ഉദ്ഘാടന പ്രസംഗത്തിൽ മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചാരണങ്ങൾ മുഖ്യമന്ത്രി തെളിവുകൾ സഹിതം പൊളിച്ചടുക്കിയപ്പോൾ തടിച്ചുകൂടിയ പതിനായിരങ്ങൾ ഒരേ മനസോടെ കയ്യടിച്ചു. മാധ്യമങ്ങളുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടി മുഖ്യമന്ത്രി പ്രസംഗിച്ചപ്പോഴൊക്കെ ജനങ്ങൾ കയ്യടിച്ചു. ഇതിനിടയിൽ ആൾക്കൂട്ടം ചില മാധ്യമങ്ങളുടെ പേര് വിളിച്ചുപറഞ്ഞ് കൂക്കിവിളിക്കുന്നതും കേൾക്കാമായിരുന്നു.