‘എവിടെ ആഡംബരം’ നവകേരള സദസ്സിലേക്കുള്ള ബസ് യാത്രയുടെ വീഡിയോയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

0
313

തിരുവനന്തപുരം : ഇതാണോ നവകേരള സദസ്സിനുള്ള  “ആഡംബര ബസ്” .. ഇതാണോ കറങ്ങുന്ന കസേരയും ലിഫ്റ്റും ഉള്ള  ഒന്നരകോടിയുടെ അത്യാഡംബര ബസ്..  നവകേരള സദസ്സിനായുള്ള  ബസ് യാത്രയുടെ വീഡിയോ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കുവെച്ചതോടെ പൊളിഞ്ഞത് മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങള്‍.

ബസില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള  സദസ്സിനെ ഇകഴ്ത്തിക്കാട്ടായുള്ള മാധ്യമങ്ങളുടെ ശ്രമം വിഫലമായി. നാടിനായ് ജനങ്ങൾക്കൊപ്പം നിൽക്കാൻ  മന്ത്രിസഭയൊന്നാകെ ജനങ്ങളിലേക്കെത്തുന്ന വലിയ പരിപാടിയെ മോശമാക്കാനുള്ള മാധ്യമങ്ങളുടെ കുപ്രചരണമാണ് ഇതോടെ തകർന്നത്.

നവകേരള  സദസിന്  ഉപയോഗിക്കുന്ന ബസിനെ എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ആഡംബര ബസ് എന്നാണ്. സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കിൽ സാധാരണ ബസിൽ നിന്നും വ്യത്യസ്തമായ ഒരു ടോയിലറ്റ് സംവിധാനം മാത്രമാണ് ബസിൽ ഉള്ളത്. ഇത് നിലവിൽ ഇവിടെയുള്ള പ്രൈവറ്റ് ബസുകളിലൊക്കെയുണ്ട്. ഈ വസ്തുതകൾ മറച്ചുവെച്ചാണ് മുഖ്യമന്ത്രിയ്ക്ക് ഇരിക്കാനുള്ള കറങ്ങുന്ന കസേര ചൈനയിൽനിന്ന്; ബസിന്റെ ഉള്ളിലെത്താൻ ലിഫ്റ്റ് എന്നെല്ലാം മനോരമ അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.

“ബസിൽ പടി കയറേണ്ടതില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്”- എന്നായിരുന്നു മനോരമ വാർത്ത.

സാധാരണ ബസ്സിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസ്സിലുള്ളതും. ഒരു വാഷ്‌ബെയ്‌സിനും അറ്റാച്ച്ഡ് ബാത്ത്‌റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സില്‍ അധികമായുള്ളത്. ഈ ദൃശ്യങ്ങളെല്ലാം മന്ത്രിമാരുടെ വീഡിയോയില്‍ കാണാം.

നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി  കാസര്‍കോട്ടെ മഞ്ചേശ്വരത്തേക്ക് യാത്രചെയ്യുന്നതിനിടെ ബസില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.