നവകേരള സദസ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ജനങ്ങള്‍ക്കും ഉണ്ട് എന്നതാണ് ഈ മഹാജനപങ്കാളിത്തം വ്യക്തമാക്കുന്നത്

0
179

പൈവളികെ: നവകേരള സദസ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെയും ഒപ്പം കേന്ദ്രത്തെയും അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
2016 ന് മുമ്പ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇവിടെ തുടര്‍ന്നിരുന്നതെങ്കില്‍ സംസ്ഥാനത്ത്  ഈ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസനം നടപ്പാക്കണമെങ്കിൽ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സർക്കാർ തന്നെ വേണം. അത് തിരിച്ചറിഞ്ഞാണ് എൽ ഡി എഫിന് തുടര്‍ഭരണം ജനം സമ്മാനിച്ചത്.

യുഡിഎഫിന് രാഷ്ട്രീയമായ ഭിന്നത ആ സര്‍ക്കാരിനോടുണ്ടാകാം . ബിജെപിക്കും അസഹിഷ്ണുതയുണ്ടാകാം. എന്നാല്‍ നാടിനുവേണ്ടി സര്‍ക്കാര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ഇപ്പോഴിത് വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ വികസനം നടപ്പില്ലെന്ന് വിശ്വസിച്ചിരുന്നവരുടെ വിശ്വാസം മാറിയെന്നും സമയബന്ധിതമായി ദേശീയ പാത വികസനം പൂര്‍ത്തിയാകും എന്ന വിശ്വാസമുള്ളവരാണിപ്പോഴവരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. യുഡിഎഫ് നേതൃത്വത്തിന് ഈ പരിപാടിയില്‍ സഹകരിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കാണാന്‍ പറ്റുന്നതല്ല അത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ജനങ്ങള്‍ക്കും ഉണ്ട് എന്നതാണ് ഈ മഹാജനപങ്കാളിത്തം വ്യക്തമാക്കുന്നത്. ഇതിനെയെല്ലാം ഇകഴ്ത്താം. വിവാദമാക്കാം എന്നതിലാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവര്‍ ഈ പരിപാടി സ്ഥലത്തില്ല. എന്നാല്‍ പ്രചാരണം കൊടുത്തതിന് പങ്കാളിത്തം വഹിച്ചവര്‍ ഈ പരിപാടിയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. രാജൻ അധ്യക്ഷനായി.