ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി – കോട്ടയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ ഏറ്റുമാനൂരിൽ നിന്നും കണ്ടെത്തി.

ആൺകുട്ടികളെ കണ്ടെത്തിയത് ഏറ്റുമാനൂർ പോലീസ്

0
188

കോട്ടയം: കോട്ടയത്തുനിന്നും കാണാതായ വിദ്യാർത്ഥികളെ ഏറ്റുമാനൂരിൽ കണ്ടെത്തി.
രണ്ട് രാത്രിയും, ഒരു പകലും നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കോട്ടയം നട്ടാശ്ശേരി സ്വദേശികളായ പ്ലസ് വൺ, എസ്എസ്എൽസി വിദ്യാർത്ഥികളായ ആൺകുട്ടികളെ ഏറ്റുമാനൂർ പോലീസ് കണ്ടെത്തിയത്.

അയൽവാസികളായ ഇവർ ഉറ്റസുഹൃത്തുക്കളാണ്.

തിങ്കളാഴ്ച ഇരുവരും സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോ എന്നുള്ള പേടിയിലാണ് വിദ്യാർത്ഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന വസ്ത്രത്തോടെ വീടുവിട്ടിറങ്ങിയത് എന്നാണ് സൂചന.

കുട്ടികളെ കാണാതായതോടെ ഗാന്ധിനഗർ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളും, കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിയിരുന്നെങ്കിലും സൂചനകളുണ്ടായില്ല.

ബന്ധുക്കുളുടെയും, സുഹൃത്തുക്കളുടെയും വീടുകൾ, ഇവർ സ്ഥിരമായി പോകാറുള്ള സ്ഥലങ്ങൾ എല്ലാം പോലീസ് എത്തി പരിശോധിച്ചിരുന്നു.

പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്ത് വച്ച് ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ രാത്രി കാല പട്രോളിംങ് നടത്തുകയായിരുന്ന ഏറ്റുമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ ഗാന്ധിനഗർ പോലീസിന് കൈമാറി.

കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കളെ ഏൽപ്പിക്കും.

English summery:School students missing from kottayam were found from kottayam.