മനുഷ്യത്വരഹിതം, ക്രൂരം; ഗാസയിൽ കൂട്ടക്കുഴിമാടം ഒരുക്കി സംസ്കരിച്ചത് 179 മൃതദേഹങ്ങൾ

ആശുപത്രികൾക്കുനേരെ വീണ്ടും ഇസ്രയേൽ ആക്രമണം.

0
646

ഗാസ സിറ്റി: ആശുപത്രികൾക്ക് ചുറ്റും ടാങ്കുകൾ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ക്രൂരതയിൽ നടുങ്ങി ലോകം. ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിൽ ശവപ്പറമ്പായ ഗാസയിലെ ആശുപത്രികളിൽ മൃതദേഹങ്ങൾ ചീഞ്ഞഴുകി. നാലുദിവസത്തിനുശേഷം ചൊവ്വാഴ്ച അൽ ഷിഫ ആശുപത്രി അങ്കണത്തിൽ കൂട്ടക്കുഴിമാടം ഒരുക്കി 179 പലസ്തീൻകാരുടെ മൃതദേഹം സംസ്‌ക്കരിച്ചെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. അൽ ഷിഫക്കു പുറത്ത്‌ കൂട്ടിയിട്ട മൃതദേഹങ്ങൾ തെരുവുനായ്‌ക്കൾ കടിച്ചു വലിച്ചു.

മൃതദേഹങ്ങളും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും നിറഞ്ഞ്‌ ആശുപത്രി പരിസരം വികൃതമായ നിലയിലാണെന്ന്‌ സന്നദ്ധ സംഘടനകൾ പറഞ്ഞു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അല്‍-ഷിഫ ആശുപത്രിയിൽ ആറ് നവജാത ശിശുക്കള്‍ മരിച്ചു. 26 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. പുറത്തിറങ്ങുന്നവരെ വെടിവച്ചിടാൻ ഇസ്രയേൽ സൈന്യം നിലയുറപ്പിച്ചതിനാൽ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയുന്നില്ല. വൈദ്യുതി മുടങ്ങിയതോടെ ആഴ്‌ചകളായി ആശുപത്രികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനുമാകുന്നില്ല.

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ പലായനം ചെയ്ത പലസ്‌തീൻ ജനത കേന്ദ്രീകരിച്ച് തങ്ങുന്ന തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം ക്രൂരത തുടരുകയാണ്. ഇവിടങ്ങളിൽ പലസ്‌തീൻ ജനതക്കുനേരെ കായികമായ ആക്രമണവും നടത്തുന്നു. ഗാസയിലെ അൽ -ഷിഫ ആശുപത്രിയിൽ ചികിത്സയിലുള്ള മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ വൈദ്യുതി ഉള്ള പ്രദേശത്തേക്ക് മാറ്റി. ഇവിടെ ഓക്‌സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ല. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. അതിനൊപ്പമാണ് ആശുപത്രികൾക്ക് നേരെയുളള ഈ കണ്ണില്ലാത്ത ക്രൂരതയും.

English Summary: “Inhuman, Bodies Everywhere”; At Gaza Hospital 179 In Mass Grave.