ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്നു മക്കളെയും കുത്തിക്കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ ?

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘം കോട്ടയത്തും.

0
545

ഉഡുപ്പി: നെജാരുവിനടുത്ത് കെമ്മണ്ണു ഹംപൻകട്ടയിലെ പ്രവാസി നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാണ്, ഐനാസ്, അസീം എന്നിവരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ നിന്നുള്ള പ്രവീൺ അരുൺ ചൗഗാലെ എന്ന 35 കാരനെയാണ് ബെലഗാവിയിൽ വെച്ച് കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബെലഗാവി രായഭാഗ താലൂക്കിലെ കുടച്ചിയിൽ വെച്ചാണ് പ്രവീൺ അരുണിനെ ഉഡുപ്പി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബെൽഗാവി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബെലഗാവി സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ചയോടെ ഉഡുപ്പിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെയൊക്കെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞു.

നിലവിൽ കസ്റ്റഡിയിലുള്ള അരുൺ ചൗഗാലെ വാടക കൊലയാളിയാണോ എന്നും അന്വേഷിച്ചുവരികയാണ്. കുടച്ചിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ബെലഗാവിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാകും ഉഡുപ്പിയിലേക്ക് കൊണ്ടുവരിക. എന്നാൽ, ഇക്കാര്യങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊലയാളിയെപ്പറ്റി നിർണായക വിവരങ്ങൾ ലഭിച്ചതായും യുവാവ് പൊലീസ് വലയിലാണെന്നും പൊലീസ് പറയുന്നു. ഇതിനകം ആറുപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഏഴ് പ്രത്യേക സംഘങ്ങൾ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. ഇതിലൊരു സംഘം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നുമുണ്ട്. കോട്ടയത്തുനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുപുറമെ ശിവമോഗ, ബംഗളൂരു, ദാവണഗെരെ, ബെലഗാവി, കൽബുർഗി എന്നിവിടങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. സംശയാസ്പദമായ ചില ആളുകളെ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിലാണ് അരുൺ ചൗഗാലയെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനുമിടയിലായിരുന്നു നടുക്കുന്ന കൂട്ടക്കൊലപാതകം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍ (23), ഐനാസ് (20), അസീം (14) എന്നിവരെയാണ് വെട്ടും കുത്തുമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയപ്പോഴാണ് അസീമിനെ കൊലയാളി കുത്തിവീഴ്ത്തിയത്. സംഭവത്തിൽ ദൃക്‌സാക്ഷി ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൊലയാളി എത്തിയത് 400 കിലോമീറ്റർ അകലെ ബംഗളൂരുവിൽ നിന്നാണെന്നും ഉഡുപ്പിയിലെത്തിയശേഷം ഇയാൾ ഓട്ടോറിക്ഷയിലാണ് ഹസീനയുടെ വീട്ടിൽ എത്തിയതെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നൂർ മുഹമ്മദിന്റെയും ഹസീനയുടെയും മൂത്ത മകളായ അഫ്സാനെ ലക്ഷ്യമിട്ടാണ് കൊലയാളി ഉഡുപ്പിയിലെത്തിയതെന്നും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സാമ്പത്തിക ഇടപാടുകളോ അതല്ല, മറ്റെന്തങ്കിലും വിഷയമാണോ എണ്ണത്തിലും വ്യക്തത വന്നിട്ടില്ല. കേസിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പാതകത്തിനുശേഷം പ്രതി സന്തേക്കട്ടെ മുതൽ ഉഡുപ്പി വരെ ഓട്ടോറിക്ഷയിലും ഉഡുപ്പിയിൽ നിന്ന് അമ്പലപ്പാടി, ഉദ്യാവര വരെ ബൈക്കിലുമാണ് യാത്ര ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനകം നിർണായകമായ തുടർനടപടി ഉണ്ടാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

English Summary: Udupi; Woman 3 children murder case Sangli man apprehended from Belagavi?