ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്നു മക്കളെയും കുത്തിക്കൊന്ന കൊലയാളി അറസ്റ്റിൽ

അറസ്റ്റിലായ പ്രവീൺ ചൗഗാലെ എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയാണ്.

0
1963

ഉഡുപ്പി: നെജാരുവിനടുത്ത് കെമ്മണ്ണു ഹംപൻകട്ടയിലെ പ്രവാസി നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്സാൻ, ഐനാസ്, അസീം എന്നിവരെ കൂട്ടക്കൊല ചെയ്ത കേസിലെ കൊലയാളിയെ ഉഡുപ്പി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ നിന്നുള്ള പ്രവീൺ അരുൺ ചൗഗാലെ എന്ന പ്രവീൺ ചൗഗാലെ (35)യെയാണ് ബെലഗാവിയിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് കന്നഡ ദിനപത്രം ‘വാർത്താ ഭാരതി’ റിപ്പോർട്ട് ചെയ്തു.

ബെലഗാവി രായഭാഗ താലൂക്കിലെ കുടച്ചിയിൽ വെച്ചാണ് പ്രവീൺ ചൗഗാലെയെ ഉഡുപ്പി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബെൽഗാവി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബെലഗാവി സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലയാളിയുമായി പൊലീസ് സംഘം ഉഡുപ്പിയിലേക്ക് തിരിച്ചു. അറസ്റ്റിലായ പ്രവീൺ ചൗഗാലെ നേരത്തെ സി ഐ എസ് എഫിൽ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിരുന്നതായി സൂചനയുണ്ട്.ഏറെക്കാലം മംഗളുരു വിമാനത്താവളത്തിൽ സുരക്ഷാ വിഭാഗം ജീവനക്കാരനായും ജോലി ചെയ്തിട്ടുണ്ട്.

പിന്നീട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു. കുടച്ചി വഴി മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാനാണ് പ്രതിയായ പ്രവീൺ അരുൺ ചൗഗാലെ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ഇയാൾ ബെലഗാവിയിൽ എത്തിയത്. കുടച്ചിയിൽ വന്ന് മൊബൈൽ ഓൺ ചെയ്‌തപ്പോൾ ഉഡുപ്പി പൊലീസ് പ്രവീൺ ചൗഗാലയെ പിടികൂടുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാർത്ത ഭാരതി’ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനുമിടയിലായിരുന്നു നടുക്കുന്ന കൂട്ടക്കൊലപാതകം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍ (23), ഐനാസ് (20), അസീം (14) എന്നിവരെയാണ് വെട്ടും കുത്തുമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയപ്പോഴാണ് അസീമിനെ കൊലയാളി കുത്തിവീഴ്ത്തിയത്. നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയുണ്ടായി കേവലം രണ്ടുദിവസം കൊണ്ടുതന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.

English Summary: Accused Praveen Arun Chowgule arrested in murder of 4 family members of NRI in Udupi.