ഉദ്ഘാടനത്തിനെത്തിയ ‘തൊപ്പി’ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; കടയുമടകള്‍ക്കെതിരെ കേസെടുത്തു

ഇതിനുമുമ്പും തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

0
237

മലപ്പുറം: നാട്ടുകാരില്‍ ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ പൊലീസ് തിരിച്ചയച്ചു. തൊപ്പിയെ കാണാൻ വൻജനാവലി തടിച്ചുകൂടിയതിനെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. ഇതേതുടർന്ന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസം സൃഷ്‌ടിച്ച പേരിലാണ് കേസ്.

ഞായറാഴ്ച വൈകിട്ട് മലപ്പുറം ഒതുക്കുങ്ങലിലെ ജെന്‍റ്സ് വെയര്‍ കടയുടെ ഉദ്ഘാടനത്തിന് തൊപ്പിയെന്ന മുഹമ്മദ് നിഹാദെത്തുമെന്ന വിവരം സോഷ്യല്‍ മീഡിയയിലാണ് പ്രചരിച്ചത്. വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഉച്ചയോടെ തൊപ്പിയെ കാണാൻ നിരവധി പേരെത്തി. കുട്ടികളായിരുന്നു അധികവും. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി ചില നാട്ടുകാരും സംഘടിച്ചു. ഗതാഗത തടസം കൂടിയായതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഒതുക്കങ്ങിലില്‍ എത്തും മുമ്പ് തന്നെ വഴിയരികില്‍ കാത്തു നിന്ന പൊലീസ് തൊപ്പിയെ തിരിച്ചയച്ചതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് നിഹാദിനോട് മടങ്ങാന്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ വളാഞ്ചേരിയില്‍ കടയുദ്ഘാടനത്തിനെത്തിയ നിഹാദിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസമുണ്ടാക്കിയതിനും കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്‍റെ വീട്ടിലെത്തിയാണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസും കമ്പിവേലി നിര്‍മ്മിച്ച് നല്‍കുന്നയാളെ അശ്ലീലം പറ‌ഞ്ഞ് നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ശ്രീകണ്ഠപുരം പൊലീസും മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English Summary: Protest against Youtuber Thoppi Muhammed Nihad in Malappuram.