ആർ എസ് ശശികുമാറിന് കനത്ത തിരിച്ചടി;  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി

പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ഫുൾബെഞ്ച്.

0
282

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ ആർ എസ് ശശികുമാറിന് കനത്ത തിരിച്ചടി. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാർക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക അനുവദിക്കുമ്പോള്‍ മാത്രം മന്ത്രിസഭയുടെ അനുമതി മതി. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചും ഏകകണ്ഠമായാണ് വിധി പറഞ്ഞത്.

ഹർജിക്കാരൻ ഉന്നയിച്ച അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങള്‍ക്ക് തെളിവില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം എന്ന് വിലയിരുത്താനാകില്ല. മന്ത്രിസഭായോഗ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയത് അധികാര ദുർവിനിയോഗമാണ്. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നായിരുന്നു ഹർജിക്കാരനായ ആർ എസ് ശശികുമാറിൻറെ ആവശ്യം.

അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്.

എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലോകായുക്ത ഫുൾ ബെഞ്ച് വിധി പറഞ്ഞത്.

2018 സെപ്റ്റംബറിൽ ഫയൽ ചെയ്യപ്പെട്ട ഹർജിയിൽ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തിൽ ഓരോ മന്ത്രിമാർക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്നത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.

English Summary: Relief fund case Lokayukta reject plea against CM Pinarayi Vijayan and Cabinet.