മരത്തിൽനിന്നും വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച വയോധികന്റെ മരണം കൊലപാതകം; യുവാവ്‌ അറസ്‌റ്റിൽ

മൊഴിയിലെ വൈരുധ്യം മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

0
305

മാവേലിക്കര: മരത്തിൽ നിന്നും വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം വാടകയ്‌ക്ക് താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരന്റെ (74) മരണമാണ്‌ കൊലപാതകമെന്ന് തെളിഞ്ഞത്‌. സംഭവത്തിൽ യുവതിയുടെ മകൻ മൻദീപിനെ (രാജ- 24) കുറത്തികാട് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് യുവതി ഭാസ്‌കരനെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചത്. മരത്തിൽനിന്നും വീണ് പരിക്കേറ്റുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ നവംബർ ഒന്നിന് ഭാസ്കരൻ മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരത്തിൽനിന്നും വീണ് പരിക്കേറ്റതല്ലെന്ന് വ്യക്തമായത്. മൊഴികളിലെ വൈരുധ്യം മനസിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണം മരത്തിൽനിന്ന് വീണല്ലെന്ന് കണ്ടെത്തി. പോസ്‌റ്റുമോർട്ടവും ശാസ്ത്രീയ പരിശോധനകളും നടത്തി. 15ന് മൻദീപ് ഭാസ്‌കരനെ മർദിക്കുകയും ചവിട്ടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിനിടെ മൻദീപ് ഒളിവിൽ പോയിരുന്നു. ഇതോടെ അന്വേഷണം ഊർജിതമാക്കി. തുടർന്ന് യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. യുവതിക്കൊപ്പം ഭാസ്‌കരൻ താമസിക്കുന്നതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒളിവിൽപോയ മൻദീപിനെ പേരൂർക്കടയിലെ മണ്ണാമൂലയിൽനിന്നാണ് പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ പി കെ മോഹിതും സംഘവുമാണ് മൻദീപിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

English Summary: The death of an elderly man who admitted hospital as an accident was murder.