കളമശേരി സ്ഫോടനം; ചെറു പരീക്ഷണങ്ങൾ നടത്തി മുന്നൊരുക്കം, മാർട്ടിന്റേത് കൃത്യമായ ആസൂത്രണം

പലവട്ടം പലയിടങ്ങളിലായി ചെറു സ്ഫോടനങ്ങൾ നടത്തിയെന്ന് മാർട്ടിന്റെ മൊഴി.

0
111

കൊച്ചി: കളമശേരിയിൽ സ്ഫോടനം നടത്തുന്നതിനുമുമ്പ് കൃത്യമായ മുന്നൊരുക്കങ്ങൾ ഡൊമിനിക്ക് മാർട്ടിൻ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തൽ. കൺവെൻഷൻ സെന്ററിലെ സ്‌ഫോടനത്തിന് മുൻപായി ചെറിയ രീതിയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്ന് തെളിവെടുപ്പിനിടെ മാർട്ടിൻ പൊലീസിനോട് പറഞ്ഞു. ഐഇഡിയുടെ പ്രവർത്തനമാണ്‌ പരീക്ഷിച്ചത്‌. തെളിവെടുപ്പ് തിങ്കളാഴ്ച പൂർത്തിയാകും.

ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണ്. വിവിധയിടങ്ങളിലെ തെളിവെടുപ്പിൽ പ്രതി തന്നെ പൊലീസിനെ തെളിവുകൾ കണ്ടെത്താൻ സഹായിച്ചിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. അന്വേഷണ സംഘത്തോടായിരുന്നു കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്‌ മാർട്ടിന്റെ വെളിപ്പെടുത്തൽ. ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസിന്റെ (ഐ ഇ ഡി) പ്രവർത്തനമാണ്‌ പരീക്ഷിച്ചത്‌. പലവട്ടം പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങൾ നടത്തി. കുറവുകൾ കണ്ടെത്തി പരിഹരിച്ചു. ഇതിനുശേഷമായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത്. ആളപായം ഉറപ്പിക്കുംവിധം സ്ഫോടകവസ്തുക്കൾ നിർമിച്ചായിരുന്നു സ്ഫോടനം.

തെളിവെടുപ്പ് പൊലീസ് തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെ പൂർത്തിയാക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് തെളിവെടുക്കാനുളളത്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആസൂത്രണം ഉൾപ്പെടെ ഒറ്റയ്ക്കാണെന്നും മാർട്ടിൻ ആവർത്തിച്ചു. നിലവിൽ ലഭ്യമായ തെളിവുകൾ, മാർട്ടിന്റെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിൽ മാർട്ടിൻ കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റുസാധ്യതകൾ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല.

സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നൽകിയിരുന്നു. ഒക്ടോബർ 29-ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനസമയത്ത് രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.

English Summary: Kalamassery Case; Police finds crucial evidence.