‘ക്ഷേത്രനഗര’ത്തിന് സർക്കാരിന്‍റെ സമ്മാനം; ഗുരുവായൂർ മേൽപ്പാലം ചൊവ്വാഴ്ച മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുരുവായൂർ മേൽപ്പാലം നിർമ്മിച്ചത്.

0
231

ഗുരുവായൂർ: ക്ഷേത്രനഗരമെന്നറിയപ്പെടുന്ന ഗുരുവായൂരിന് ഇനി പുതിയ മുഖം. കാത്തുകിടക്കാതെയും തിരക്കില്ലാതെയും ഗുരുവായൂർ ക്ഷേത്ര ദർശനം സാധ്യമാക്കും വിധം പുതിയ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തുന്ന ഏതൊരാൾക്കും ഗുരുവായൂർ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസവും കൂടാതെ കൂടാതെ പ്രവേശിക്കാനാകുംവിധമാണ്‌ ഏറ്റവും സൗകര്യപ്രദമായി സർക്കാർ മേൽപ്പാലം നിർമിച്ചിരിക്കുന്നത്‌. രാത്രി ഏഴിന്‌ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പുതിയ മേൽപ്പാലം വരുന്നതോടെ ഗുരുവായൂരിന്റെ മുഖം കൂടുതൽ തിളക്കമുള്ളതാകും.

2017ൽ കിഫ്ബി ഫണ്ടിൽനിന്ന്‌ 24.54 കോടി രൂപ അനുവദിച്ചാണ്‌ റെയിൽവേ മേൽപ്പാലം നിർമാണമാരംഭിക്കുന്നത്‌. മേൽപ്പാലത്തിനാവശ്യമായ 23 സെന്റ് ഭൂമി സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തത്. 2017 നവംബറിൽ റോഡ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻസ് ഓഫ് കേരള സർവേ നടപടി പൂർത്തീകരിച്ചശേഷമാണ് ഭൂമി ഏറ്റെടുക്കുന്നത്. ചെന്നൈ ഐഐടിയുടെ അനുമതിയോടെ 2021 ജനുവരിയിലാണ്‌ നിർമാണം തുടങ്ങിയത്‌. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം തുടങ്ങിയ കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ആദ്യം നിർമാണം പൂർത്തീകരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. റോഡ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻസ് ഓഫ് കേരളയ്ക്കായിരുന്നു നിർമാണച്ചുമതല. അഞ്ച്‌ സ്പാനുകളിലായി 22 ഗർഡറുകളാണ് മേൽപ്പാല നിർമാണത്തിന് ഉപയോഗിച്ചത്.

റെയിൽവേ ഗേറ്റിനു മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലാണ് റെയിൽവേ മേൽപ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗതത്തിനായി ബിഎംബിസി നിലവാരത്തിൽ 7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലുമീറ്റർ വീതിയിൽ സർവീസ് റോഡായി ഉപയോഗിക്കും. മേൽപ്പാലത്തിനുതാഴെ പ്രഭാത സവാരി, ഓപ്പൺ ജിം സൗകര്യങ്ങളും ഒരുക്കുന്നുണ്ട്‌.

മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ റെയിൽവേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസത്തിന് എന്നെന്നേക്കുമായി അവസാനമാകും. കെ വി അബ്‌ദുൾഖാദർ എംഎൽഎയായിരുന്ന കാലഘട്ടത്തിലാണ് റെയിൽവേ മേൽപ്പാലത്തിന് അനുമതി ലഭ്യമായത്. തുടർന്ന് എൻ കെ അക്ബർ എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി മേൽപ്പാലം നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കഴിഞ്ഞു. ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, വി അബ്‌ദുറഹിമാൻ, കെ രാജൻ, ആർ ബിന്ദു, എൻ കെ അക്ബർ എംഎൽഎ, ടി എൻ പ്രതാപൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും. ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.

English Summary: Gift for Temple city Guruvayur.