‘ബുള്ളറ്റ് ട്രെയിൻ യാത്ര ഗംഭീരമെന്ന്’ വി മുരളീധരൻ; എന്നാൽ, കെ റെയിലിന് പാര വെക്കും, കേന്ദ്രമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ

ജപ്പാനിൽ ബുള്ളറ്റ്‌ ട്രെയിനിൽ യാത്രചെയ്‌ത്‌ കേന്ദ്രമന്ത്രി വി മുരളീധരൻ.

0
197

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ യാത്ര ഗംഭീര അനുഭവമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇന്ത്യ ഇത്തരം ബുള്ളറ്റ് ട്രെയിനുകൾക്കായി കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത ശേഷമാണ് സിൽവർലൈൻ അടക്കം കേരളത്തിന്റെ എല്ലാ വികസനപദ്ധതികൾക്കും പാര വെക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സമൂഹ മാധ്യമമായ എക്‌സിൽ ഇങ്ങനെ കുറിച്ചത്.
ജപ്പാൻ യാത്രക്കിടെയാണ്‌ മുരളീധരൻ ഷിൻകാൻസൻ ബുള്ളറ്റ്‌ ട്രെയിൻ യാത്ര ചെയ്‌തത്‌. ഇതിന്റെ ചിത്രങ്ങൾ എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. അഹമ്മദാബാദ്‌ – മുംബൈ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിക്കായി കാത്തിരിക്കുകയാണെന്നാണ്‌ മുരളീധരൻ പറയുന്നത്‌. ബുള്ളറ്റ്‌ ട്രെയിൻ യാത്ര ഗംഭീര അനുഭവമെന്ന്‌ പറഞ്ഞ മുരളീധരൻ ഇന്ത്യയിൽ ഇതിനുവേണ്ടി കാത്തിരിക്കുകയാണെന്നും എക്‌സിൽ കുറിച്ചു. പക്ഷേ കേരളമല്ല, ഗുജറാത്താണ് കാത്തിരിക്കുന്നതെന്നും മുരളീധരൻ കുറിപ്പിൽ പറയുന്നു.

കേരളത്തിലെ സിൽവർലൈൻ പദ്ധതിക്ക്‌ പാരവച്ച്‌ ഇങ്ങനെ പറയാൻ ഒരു മലയാളിയായ കേന്ദ്രമന്ത്രിക്ക്‌ എങ്ങനെ കഴിയുന്നു എന്നാണ്‌ സമൂഹമാധ്യമങ്ങളിലെ ചോദ്യം. സിൽവർലൈൻ പദ്ധതി തടയാൻ വേണ്ട കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നാണ് വി മുരളീധരൻ തുറന്നുപറഞ്ഞത്. കെ റെയിൽ പദ്ധതി പൊളിക്കാൻ വേണ്ട പണിയൊക്കെ എടുത്തിട്ടുണ്ട് എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇവർക്കൊപ്പം പ്രതികരിച്ചിരുന്നു.

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായിക്കിടക്കുന്ന സാഹചര്യത്തിലും പദ്ധതിക്ക്‌ എതിരായി മാത്രമാണ്‌ മുരളീധരൻ പ്രതികരിച്ചിട്ടുള്ളത്‌. വന്ദേഭാരതിന്റെ കാര്യം പറഞ്ഞാണ് വി മുരളീധരൻ ഇപ്പോഴും സിൽവർലൈൻ പദ്ധതിയെ അന്ധമായി എതിർക്കുന്നത്. നിലവിൽ കേരളത്തിൽ ട്രെയിൻ യാത്ര അതീവ ദുസഹമാണ്. എന്നിട്ടും സിൽവർലൈൻ പദ്ധതിക്ക് പാര വെക്കുകയാണ് മുരളീധരൻ. സ്വന്തം നാട്ടിൽ വികസനം വരാൻ അനുവദിക്കില്ലെന്ന്‌ പറയുകയും, ഗുജറാത്തിലെ പദ്ധതിക്ക്‌ വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന മുരളീധരൻ എന്തുതരം ജനപ്രതിനിധിയാണെന്ന്‌ ഏവരും ചോദിക്കുന്നു. മലയാളികളെയാകെ അപഹസിക്കുകയും കേരളത്തെ നാശത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന ഒരേയൊരു മലയാളി ഒരുവേള വി മുരളീധരൻ ആയിരിക്കാമെന്നും സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

English Summary: Union Minister V Muraleedharan traveled by bullet train in Japan.