പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

വർഗീയപ്രചാരണം നടത്തിയതിന് കുമരകത്തും കേസ്.

0
383

കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ മറുനാടൻ മലയാളി എഡിറ്റർ ഷാജന്‍ സ്‌ക്കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷാജനുപുറമെ ഗൂഗിളിനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. ഷാജന്‍ സ്‌കറിയയുടെ പ്രവൃത്തിസൈബര്‍ തീവ്രവാദമാണെന്നായിരുന്നു പരാതി. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. പരാതിയിൽ കേസെടുക്കാനും നവംബർ ഏഴിന് കോടതി നിർദ്ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

ഷാജൻ വയർലെസ് സന്ദേശം ചോർത്തിയതും യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. മുഹമ്മദ്‌ ഫിർദൗസാണ്‌ കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയയുടെ പ്രവൃത്തി സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ്‌ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്‌. പൊലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ ഹാക്ക് ചെയ്ത കുറ്റകരമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവർക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്,ന്‍ 66 എ (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, കളമശേരി സ്ഫോടനത്തിന്റെ മറവിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വർഗീയ പ്രചാരണം നടത്തിയതിനും ഷാജൻ സ്കറിയക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കുമരകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 153 എ , 504 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

English Summary: Police wireless message leaked; A case has been registered against Shajan Skaria.