ഹൃദയാഘാതം; ഘാന ഫുട്‌ബോൾ താരം റാഫേൽ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു

അൽബേനിയൻ ലീഗ് മത്സരത്തിനിടെയായിരുന്നു ദാരുണാന്ത്യം

0
1124

ടെർക്ക: ഘാന ഇന്റർനാഷണൽ റാഫേൽ ദ്വാമേന മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണുമരിച്ചു. 28 വയസായിരുന്നു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനിറ്റിലാണ് കുഴഞ്ഞുവീണത്. കുഴഞ്ഞു വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

അൽബേനിയൻ ലീഗിലെ എഗ്‌നേഷ്യ രോഗോജും എഫ് കെ പാർടിസാനി ടിറാനയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് എഗ്‌നേഷ്യ രോഗോജ് സ്ട്രൈക്കറായ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണത്. 2021ല്‍ ഓസ്ട്രിയന്‍ കപ്പിനിടെയും താരം കുഴഞ്ഞു വീണിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ശരീരത്തില്‍ ഇംപ്ലാന്റബിള്‍ കാർഡിയോവേർട്ടർ ഡെഫിബ്രിലേറ്റർ ഘടിപ്പിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയായിരുന്നു റാഫേൽ കളിച്ചിരുന്നത്.

2017-ൽ പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിൽ തകരാർ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന്റെ ക്ലബ്ബ് പ്രവേശനവും മുടങ്ങി. പിന്നാലെ ഓസ്ട്രിയയിൽ ലുസ്‌തെനൊക്കുവേണ്ടിയും എഫ് സി സൂറിച്ചിനുവേണ്ടിയും കളിച്ചു. പിന്നീട് സ്‌പെയിനിലെ ലെവാന്റയിലേക്ക് കൂടുമാറുന്നത്. എന്നാൽ, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അൽബേനിയൻ ലീഗിലേക്ക് ചേക്കേറിയത്. 2017-2018 വർഷം ഘാന ദേശീയ ടീമിന് വേണ്ടി ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.

English Summary: Former Ghana striker Raphael Dwamena dies after collapsing during Albanian Super League soccer game.