ലോക ട്രാവൽ മാർക്കറ്റിലെ മികച്ച പവിലിയൻ പുരസ്‌കാരം കേരളത്തിന്

കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

0
282

തിരുവനന്തപുരം: ലണ്ടനിൽ സമാപിച്ച ലോക ട്രാവൽ മാർക്കറ്റിലെ (ഡബ്ല്യുടിഎം-) മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുമുള്ള സംരംഭകരെയും വ്യവസായികളെയും ആകർഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയൻ ഒരുക്കിയത്. കേരളത്തിന്റെ ടൂറിസം ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വർധിപ്പിക്കാൻ ഡബ്ല്യുടിഎം സഹായകമായി. ഡബ്ല്യുടിഎമ്മിലെ മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം സെക്രട്ടറി കെ ബിജുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ഡബ്ല്യുടിഎമ്മിൽ പങ്കെടുത്തത്.
നവംബർ ആറിന്‌ ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പിൽ കേരളത്തിൽനിന്നുള്ള പതിനൊന്ന് വ്യാപാര പങ്കാളികൾ പങ്കെടുത്തു. ടൂറിസം സെക്രട്ടറി കെ ബിജു പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന കേരള പവിലിയൻ ഡബ്ല്യുടിഎമ്മിലെ പ്രധാന ആകർഷണമായിരുന്നു. ‘ദി മാജിക്കൽ എവരി ഡേ’ എന്ന പ്രമേയത്തിൽ 126 ചതുരശ്ര മീറ്റർ സ്ഥലത്താണ് പവിലിയൻ സജ്ജമാക്കിയത്. ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാർക്ക് കമ്യൂണിക്കേഷൻസാണ് കേരള പവിലിയൻ സജ്ജീകരിച്ചത്.