ഡിആർഐ പിടികൂടിയ സ്വർണം കൈക്കലാക്കാൻ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

0
238

കണ്ണൂർ വിമാനത്താവളത്തിൽ ഡിആർഐ പിടികൂടിയ കള്ളക്കടത്തു സ്വർണം കൈക്കലാക്കാൻ ശ്രമിച്ച 2 കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലംമാറ്റം. സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച 2 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. എയർ കസ്റ്റംസ് വിഭാഗത്തിലെ ഒരു സൂപ്രണ്ടിനെയും ഒരു ഇൻസ്പെക്ടറെയുമാണു തിരുവനന്തപുരം ജിഎസ്ടി കമ്മിഷണറേറ്റിലേക്കു മാറ്റിയത്. ഉത്തരേന്ത്യക്കാരായ ഇരുവരെയും ഒരു വിമാനത്താവളത്തിലും നിയമിക്കരുതെന്നും നിർദേശമുണ്ട്.

കസ്റ്റംസിന്റെ അംഗീകാരമുള്ള മട്ടന്നൂരിലെ സ്വർണപ്പണിക്കാരന്റെ അടുത്തെത്തിയാണ് പിടികൂടിയ സ്വർണത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവയ്ക്കാനും ബാക്കി സ്വർണത്തിനു സർട്ടിഫിക്കറ്റ് നൽകാനും ഉദ്യോഗസ്ഥർ നിർദേശിച്ചത്. ഇതനുസരിച്ച സ്വർണപ്പണിക്കാരൻ 87 ഗ്രാം സ്വർണം മാറ്റിവയ്ക്കുകയും ബാക്കിയുള്ള സ്വർണത്തിനു സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിനു പിന്നാലെ സ്വർണപ്പണിക്കാരൻ വിമാനത്താവളത്തിലെ കസ്റ്റംസ് അസി കമ്മിഷണറോട് തട്ടിപ്പ് വെളിപെടുത്തിയതാണ് നടപടിക്ക് കാരണമായത്.