ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ അയോഗ്യയാക്കണമെന്ന് ശുപാർശ

0
197

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺ​ഗ്രസ് എം പി മഹുവ മൊയ്ത്രെയെ അയോഗ്യയാക്കണമെന്ന് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് തയാറാക്കാൻ ലോക്സഭ എത്തിക്സ് കമ്മിറ്റി ഇന്ന് നാല് മണിക്ക് ചേരും. 500 പേജുള്ള കരട് റിപ്പോർട്ടിൽ മഹുവയുടെ നടപടികൾ പ്രതിഷേധാർഹവും അനീതിപരവും ഹീനവുമെന്നാണ് പറയുന്നത്. നിയമപരവും സമയബന്ധിതവുമായ അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.

കരട് റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചാൽ പാർലമെന്റിന് കൈമാറും. കോൺഗ്രസ് എം പിമാരായ ഉത്തം റെഡ്ഡി, വൈത്തിലിംഗം എന്നിവർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം , ലോക്പാലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ എക്സിൽ കുറിച്ചിരുന്നു.

അനധികൃതമായി ഉപയോഗിക്കാൻ പാർലമെന്ററി യൂസർ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർക്ക് സമർപ്പിക്കും. ചർച്ചയ്ക്കു ശേഷമാകും നടപടി സ്വീകരിക്കുക.

കഴിഞ്ഞയാഴ്ച എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായ മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങൾ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായി മഹുവ സ്പീക്കർക്ക് കത്തു നൽകി. തനിക്കുനേരെ വൃത്തികെട്ട രീതിയിലാണ് കമ്മിറ്റി അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതെന്നും മഹുവ കത്തിൽ പറയുന്നു. എന്നാൽ മഹുവ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പ്രതികരണമാണ് പാനൽ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.