ഉലകനായകൻ @ 69

സിനിമയിലെ സകലകലാവല്ലഭൻ.

0
427

‘ഉലകനായകനെ… ഉലകനായകനെ…’ എന്ന പാട്ട് കമലിനെക്കുറിച്ചാണോ എന്ന് പലവുരു ഇന്ത്യൻ സിനിമ ചോദിച്ചിട്ടുണ്ട്. ശരിക്കും അതെ എന്നാണ് ലോകമെങ്ങും ഒരേ സ്വരത്തിൽ പറയുന്നത്. ഇന്ത്യൻ സിനിമയുടെ അഭിമാനവും അഭിനയപ്രതിഭയുമായ കമൽഹാസൻ 69 ന്റെ നിറവിൽ. വിക്രം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ ഒരിക്കൽ കൂടി തന്റെ സാന്നിധ്യം ഉറപ്പിച്ച മഹാനടൻ. ഇന്ത്യയിലെ സിനിമ ചരിത്രത്തിന്റെ നൂറുനാശം എടുത്താൽ അതിൽ 60 വർഷവും കമൽ എന്ന നടൻ ഉണ്ടാകും. അഭിനയസപര്യയുടെ അത്ഭുതമാണ് കമല്‍ഹാസന്‍. അഭിനയത്തിനൊപ്പം സംവിധാനം, സംഗീതം അങ്ങനെ പലതും. സാങ്കേതികവിദ്യയെ ഇത്രയേറെ മനോഹരമായി ഉപയോഗപ്പെടുത്തിയ മറ്റൊരാളെ ഇന്ത്യൻ സിനിമയിൽ കാണാൻ കഴിയില്ല എന്ന് പറഞ്ഞാൽ ഒരിക്കലും അതിശയോക്തിയാകില്ല. സിനിമക്ക് പുറമെ സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളിലും ധീരമായി അഭിപ്രായം പറയുന്ന അപൂർവം കലാകാരന്മാരിൽ ഒരാൾ.

ആറാം വയസിൽ കളത്തൂര്‍ കണ്ണമ്മ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മഹാനടൻ. അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടി കയ്യൊപ്പിട്ട കമൽ പിന്നീട് ഇന്ത്യൻ സിനിമയുടെ നിരന്തര സാന്നിധ്യമായി. ബാലതാരമായും സഹനടനായും തുടങ്ങി പിന്നീട് ശ്രദ്ധേയനായ നായകനിലേക്കെത്തി. ഏതാനും വർഷം പിന്നിട്ടതോടെ കമല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ താരമായി. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി ഇവരൊക്കെ സിനിമാ രംഗത്ത് ചുവടുറപ്പിക്കുമ്പോൾ കമൽ സൂപ്പര്‍താരമായി മാറിയിരുന്നു; മലയാളം അടക്കമുള്ള ഭാഷകളിൽ.

കമല്‍ എന്നും തന്റെ സിനിമകളിലൂടെ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേയിരുന്നു. ആ പരീക്ഷണങ്ങളില്‍ പലതും തമിഴ് സിനിമയിലെ നാഴികക്കല്ലുകളുമായി മാറി. തമിഴില്‍ ആദ്യമായി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച ചിത്രമെന്ന ഖ്യാതിയുള്ള വിക്രം (1986), ആദ്യമായി സോഫ്റ്റ്‌വെയറിൽ തിരക്കഥ എഴുതിയ തേവര്‍മകന്‍, ആദ്യമായി അവിഡ് സോഫ്റ്റ് വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത മഹാനദി, മോഷന്‍ കണ്‍ട്രോള്‍ റിഗ് ഉപയോഗിച്ച ആളവന്താന്‍, ലൈവ് സൗണ്ട് ചെയ്ത വിരുമാണ്ടി എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഒരേ സമയം കുള്ളനായും സാധാരണ മനുഷ്യനായും വെള്ളിത്തിരയിൽ നിറഞ്ഞാടിയ നടൻ… പട്ടിക അങ്ങനെ നീളുന്നു.

മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമ കമലിന്റെ അഭിനയ മികവിനുപുറമെ അന്നത്തെ കാലത്ത് സാങ്കേതികവിദ്യയെ അടയാളപ്പെടുത്തിയ ചിത്രമാണ്. ഈ സിനിമയില്‍ ഒരു രംഗത്തില്‍ മദനും മൈക്കിളും ഒരു അലമാരയുടെ കണ്ണാടികളിലൂടെ നോക്കുന്ന രംഗമുണ്ട്. ആ രംഗത്തില്‍ ഇരുവരുടെയും പ്രതിബിംബങ്ങള്‍ ഒരേസമയം ആ കണ്ണാടിയിലൂടെ കാണുന്നുണ്ട്. തൊട്ടടുത്ത രംഗത്തില്‍ മദന്‍ മൈക്കിളിന് ഒരു കണ്ണാടി പിടിച്ചു കൊടുക്കുന്നതായി കാണിക്കുന്നുണ്ട്. ആ കണ്ണാടിയിലൂടെ മൈക്കിളിന്റെ പ്രതിബിംബവും കാണാം. എന്നും മഹാത്ഭുതങ്ങളിൽ ഒന്നാണ് ആ സിനിമ.

കമല്‍ സ്വാധീനിച്ചവരുടെ പട്ടിക അത് ഇന്ത്യന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. അതങ്ങ് ഹോളിവുഡ് വരെയെത്തും. സാക്ഷാല്‍ ക്വെന്റിന്‍ ടാരന്റിനോ വരെ. ടാരന്റിനോയുടെ ഹിറ്റ് ചിത്രമായ കില്‍ ബില്ലിലെ ആനിമേറ്റഡ് സീക്വന്‍സുകള്‍ക്ക് പ്രചോദനമായത് കമല്‍ഹാസന്‍ ഒരുക്കിയ ആളവന്താന്‍ എന്ന സിനിമയിലെ ചില രംഗങ്ങളാണ്. ദശാവതാരത്തിലെ ബട്ടര്‍ഫ്‌ലൈ എഫക്ടും മന്മഥന്‍ അമ്പിലെ റിവേഴ്സ് സോങ്ങും.

1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രമുൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെയാണ് നായകനായുള്ള ശ്രദ്ധേയനാകുന്നത്. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് എന്നിങ്ങനെ തുടരുന്ന പല മേഖലകൾ. കമലഹാസൻ്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷണലാണ് അദ്ദേഹത്തിൻ്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാണം. കരിയറിൽ നിർ‌ണായകമായ രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ സിനിമകളുടെ രചനയിൽ കമൽ എന്നുമുണ്ടായിരുന്നു. അമ്പേ ശിവം എന്ന സിനിമ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ സജീവ ചര്ച്ചക്ക് വഴിയൊരുക്കി.

കമല്‍ എന്ന സകലകലാവല്ലഭന്റെ മികവിനെ ലോക സിനിമ പോലും പലതവണ വാഴ്ത്തി പാടിയിട്ടുണ്ട്. അതിനാല്‍ തന്നെ അക്ഷരം തെറ്റാതെ നമുക്ക് അദ്ദേഹത്തെ വിളിക്കാം ഉലകനായകന്‍ എന്ന്. ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കറിനൊപ്പമുള്ള ഇന്ത്യന്‍ 2 വാണ് കമലിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “തഗ് ലൈഫ്” എന്ന ചിത്രവും പുറത്തിറങ്ങാനുണ്ട്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്.

English Summary: Kamal Haasan’s birthday.