ഡോളര്‍കടത്ത് കേസ്; സ്വപ്നക്കും സരിത്തിനും ശിവശങ്കറിനും 65 ലക്ഷം രൂപ പിഴ

യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ ഒരുകോടി മുപ്പത് ലക്ഷം പിഴ അടക്കണം.

0
338

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ 65 ലക്ഷം രൂപ വീതവും പിഴ അടക്കണമെന്ന് കസ്റ്റംസ്. ഇവർക്കുപുറമെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും 65 ലക്ഷം പിഴയൊടുക്കണം. കേസിൽ യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ ഒരുകോടി മുപ്പത് ലക്ഷം പിഴ ഒടുക്കണം. ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഇത്രയും തുക പിഴയായി അടക്കേണ്ടത്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാറിന്റെയാണ് ഉത്തരവ്.

ഖാലിദ് ഈജിപ്തിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ ഒമാന്‍ വഴി കടത്തിയെന്നാണ് കണ്ടെത്തല്‍. യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന് ഒരു കോടി രൂപയാണ് പിഴ. സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തിയിരുന്നു. രണ്ട് കേസുകളിലും കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് നടപടി. കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഖാലിദിനെ കേൾക്കാതെയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളില്‍ പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.

ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തരവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

English Summary: Dollar smuggling case; Swapna, Sarit and Shiv Shankar fined Rs 65 lakh.