കോളർ ഐഡന്റിഫിക്കേഷൻ പദ്ധതിയുമായി കുവൈത്ത്

0
147

കുവൈത്തില്‍ ഫോണ്‍ വരുമ്പോൾ മൊബൈല്‍ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി.ഇത് സംബന്ധമായ കരട് രേഖ, സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബർ 29 വരെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

ആളുകൾ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതോടെ സ്പാം കോളുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ സേവ് ചെയ്യാത്ത നമ്പരാണെങ്കിലും പുതിയ സംവിധാനം വഴി വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനില്‍ തെളിയും.

കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുന്നതോടെ വ്യാജ കോളുകൾ നിയന്ത്രിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഡേറ്റാ ക്രൗഡ് സോഴ്‌സ് ആപ്പുകള്‍ നിലവില്‍ ലഭ്യമാണെങ്കിലും പരിമിതമായ രീതിയിലേ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ കെ‌വൈ‌സി ഡേറ്റയിൽ പ്രവര്‍ത്തിക്കുന്ന നിര്‍ദ്ദിഷ്ട ആപ്പില്‍, വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കൃത്യമായും അറിയാൻ സാധിക്കും.