ദുബായ് എയർ ഷോ; ഈ മാസം ആറു മുതൽ യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക മുദ്രയുമായി എമിഗ്രേഷൻ

0
199

ആകാശ വിസ്മയമായ ദുബായ് എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാംപ് പതിക്കാൻ ജിഡിആർഎഫ്എ ദുബായ്. ഈ മാസം 6 മുതൽ 18 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ എയർ ഷോയുടെ ലോഗോ പതിച്ച് അവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യും. ദ് ഫ്യൂചർ ഓഫ് ദ് എയറോസ്പേസ് ഇൻഡസ്ട്രി എന്ന് മുദ്രണം ചെയ്ത സ്റ്റാംപാണ് പതിപ്പിക്കുക. വ്യോമയാന രംഗത്ത് മുന്നേറ്റം നടത്തുന്നതിലും ടൂറിസത്തിലും വ്യോമ ഗതാഗതത്തിനുമുള്ള പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ ദുബായ് എയർഷോ വഹിക്കുന്ന പ്രധാന്യം വ്യക്തമാക്കിയാണ് നടപടി.

ഈ മാസം 13 മുതൽ 17 വരെയാണ് എയർ എയർഷോ. ദുബായ് എയർപോർട്ടും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സഹകരണത്തോടും കൂടിയാണ് ഇത്തരത്തിൽ യാത്രക്കാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്. ദുബായ് എയർഷോ ലോഗോ പതിപ്പിച്ച പാസ്പോർട്ടുകൾ യാത്രക്കാർക്ക് സ്റ്റാംപ് ചെയ്യുന്നത് ദുബായുടെ രാജ്യാന്തര തലത്തിലുള്ള ഈ രംഗത്തെ സ്ഥാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ആഗോള വ്യവസായ ഇവന്റിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാണിക്കുകയും ചെയ്യുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതലും കമ്പനികളും പ്രദർശകരും എയർ ഷോയുടെ ഭാഗമാകും. വിമാന നിർമാതാക്കളും എയർ ലൈൻ ഉടമകളും,വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉൾപ്പെടെ വലിയ സംഘത്തെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള നിരവധി സഞ്ചാരികളും വ്യത്യസ്തമാർന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാനെത്തും. വിവിധ രാജ്യങ്ങൾ തമ്മിലുളള വിമാന കൈമാറ്റ കരാറുകളും എയർ ഷോയുടെ ഭാഗമായി ഒപ്പുവയ്ക്കും.