ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ യുഎഇയിൽ എത്തിച്ച് ചികിത്സിക്കും

0
516

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യു.എ.ഇയിലെത്തിക്കുക. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.

അതേസമയം വെടിനിർത്തേണ്ട സാഹചര്യമൊന്നും ഗാസയിൽ ഇല്ലെന്ന നിലപാടിൽ അമേരിക്കക്കൊപ്പം ഉറച്ചു നിൽക്കെ, ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ജബാലിയ ക്യാമ്പിൽ ഇന്നലെ വീണ്ടും ബോംബിട്ട സൈന്യം നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തി. ഗാസയിൽ മരണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. റഫ അതിർത്തി വഴി ഇന്ന് കൂടുതൽ സഹായം ഗാസയിലെത്തിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഇസ്രായേൽ സന്ദർശിക്കും.

ഈ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ജയം ഹമാസിനാകുമെന്നാണ് ഇസ്രായേൽ വാദം. വൈറ്റ് ഹൗസ് അത് ശരിവെക്കുന്നു. റഫ അതിർത്തി വഴി പരിക്കേറ്റ ഇരട്ടപൗരത്വമുള്ള എഴുപതോളം ഫലസ്തീനികളെ ഈജിപ്ത് ആശുപത്രികളിലേക്ക് മാറ്റി. ഇന്ധനം എത്തിക്കാനുള്ള അഭ്യർഥനക്ക് ഇനിയും ഫലം ഉണ്ടായില്ല. കൂടുതൽ ആശുപത്രികൾ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യമാണ്.