മികച്ച ശമ്പളം തരും ഈ മേഖലകൾ; മീഡിയ, ഗെയിമിംഗ്, ഫിനാൻഷ്യൽ സർവീസസ് എന്നിവയിൽ വൻസാധ്യത

വിവിധ കമ്പനികളിൽ നിന്ന് 32,000 ഓളം പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം.

0
390

കൊച്ചി: ഇന്ത്യൻ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളത്തിൽ അടുത്തവർഷം നല്ല വർധനയുണ്ടാകുമെന്നു റിപ്പോർട്ടുകൾ. ടെക്‌നോളജി, മീഡിയ, ഗെയിമിംഗ്, ഫിനാൻഷ്യൽ സർവീസസ്, റീടെയിൽ സെക്ടർ എന്നിവയാണ് 10 ശതമാനത്തേളം ശമ്പളവർധന നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തൊഴിൽ രംഗങ്ങൾ എന്നും വില്ലിസ് ടവർ വാട്ട്‌സന്റെ സാലറി ബജറ്റ് പ്ലാനിംഗ് റിപ്പോർട്ട് പറയുന്നു. ഈ മേഖലകളിൽ ചുരുങ്ങിയത് 9.8% ന്റെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ശമ്പള വർധനയുടെ കാര്യത്തിൽ മറ്റ് ഏഷ്യൻ പസിഫിക്ക് ഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുൻപിലാകും എന്നും ‘എക്കണോമിക്സ് ടൈംസ്‌’ റിപ്പോർട്ട് ചെയ്തു.

150 രാജ്യങ്ങളിൽനിന്നായി വിവിധ കമ്പനികളിൽ നിന്ന് 32,000 ഓളം പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സർവേയിൽ 708 ഇന്ത്യൻ കമ്പനികളും പങ്കെടുത്തിരുന്നു. ഇന്ത്യ 9.8% ശമ്പള വർധന നൽകുമെന്ന് പ്രതീക്ഷിക്കുമ്പോൾ തൊട്ടുപ്പിന്നിൽ 8 ശതമാനവുമായി വീയറ്റ്‌നാമാണ് ഉള്ളത്. 6 ശതമാനവുമായി ചൈനയും 5.7 ശതമാനവുമായി ഫിലിപ്പീൻസും അഞ്ച് ശതമാനവുമായി തായ്‌ലാൻഡും പിന്നിലുണ്ട്.

കമ്പനികൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ കഴിവുറ്റ ജീവനക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനങ്ങൾ. ജീവനക്കാരെ ആകർഷിക്കാൻ ആകർഷകമായ പാക്കേജുകൾ നൽകിയേ മതിയാകൂ. അടുത്ത വർഷം തൊഴിലന്വേഷകർക്ക് മികച്ച നാളുകളാണ് വരാനിരിക്കുന്നത്. മാനുഫാക്ചറിംഗ്, ഫാർമസ്യൂട്ടിക്കൽസ്, മീഡിയ, ഗെയിമിംഗ് എന്നീ രംഗങ്ങൾ കൂടുതലായി ഉദ്യോഗാർത്ഥികളെ തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ വോളന്ററി അട്രീഷൻ റേറ്റ് 14.6% ആണ്. സ്വമേധയാ ജോലി വിടുന്നവരുടെ നിരക്കാണ് അട്രീഷൻ റേറ്റ്. കഴിഞ്ഞ വർഷം ഇത് 15.3% ആയിരുന്നു. അട്രീഷൻ നിരക്കിലെ കുറവ് ഇന്ത്യയിലെ തൊഴിൽ സംതൃപ്തിയെയാണ് സൂചിപ്പിക്കുന്നത്.

കഴിവുറ്റ ജീവനക്കാർക്ക് വേണ്ടി പ്രീമിയം ശമ്പള ഘടന നൽകാൻ ഇന്ത്യൻ കമ്പനികൾ മടിക്കുന്നില്ല എന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒപ്പം പണപ്പെരുപ്പം വർധിക്കുന്നത് ജീവിത ചെലുവകൾ കൂട്ടുന്നതോടെ ഒരുപടി കൂടി കടന്ന മികച്ച ശമ്പളമാണ് ജീവനക്കാരും 2022 ലെ അപേക്ഷിച്ച് പകുതിയിലേറെ കമ്പനികളും അവരുടെ സാലറി ബജറ്റ് ഈ വർഷം വർധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

English Summary: Indian firms may raise employee salaries by 9.8% in 2024.