തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
കേരളപ്പിറവി സംസ്ഥാന സർക്കാർ കേരളീയം എന്ന പേരിൽ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതൽ നവംബർ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ പങ്കെടുക്കും.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.