‘ബസ് ചാർജ് കുറവെന്ന് പറഞ്ഞു’; തൃശൂരിൽ ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി

0
310

തൃശൂർ: തൃശൂരിൽ ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്കൂൾ ബസ്സിലാണ് പോയിരുന്നത്. എന്നാൽ ഇന്നലെ സ്വകാര്യ ബസ്സിലാണ് പോയത്.

കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.