ട്രാഫിക് നിയമ ലംഘനം: കോടതി നടപടി നേരിടുന്നവര്‍ക്ക് നേരിട്ട് പിഴ അടക്കാം

0
195

മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കോടതി നടപടി നേരിടുന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി.

കോര്‍ട്ട് റിവേര്‍ട്ട് സൗകര്യത്തിലൂടെ കോടതി നടപടി ക്രമങ്ങള്‍ ഒഴിവാക്കി പിഴ അടക്കാന്‍ തയ്യാറാണെന്നും കോടതി നടപടി ഒഴിവാക്കിത്തരണമെന്നും രേഖപ്പെടുത്തിയ അപേക്ഷ സഹിതം നിയമ ലംഘനം കണ്ടെത്തി കേസെടുത്ത പോലീസ് സ്റ്റേഷനുമായി വാഹന ഉടമകള്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഇ-ചലാന്‍ വഴി പെന്‍ഡിങ്ങായ പിഴ തുക 90 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ അത്തരം ചലാനുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും അവിടെ നിന്ന് 60 ദിവസത്തിനകം ഓണ്‍ലൈനായി അടക്കുന്നില്ലെങ്കില്‍ റഗുലര്‍ കോടതിയിലേക്കും അയക്കും. ഇത്തരം ചലാനുകള്‍ കോടതി നടപടികള്‍ക്ക് ശേഷമെ അടക്കാന്‍ സാധിക്കൂ. ഇതിന് കാലതാമസമുണ്ടാകുമ്പോള്‍ അതുവരെ രജിസ്ട്രേഷന്‍ പുതുക്കല്‍, നികുതി അടയ്ക്കല്‍, വാഹന കൈമാറ്റം എന്നിവ സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.