കണ്ണൂര്‍: വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകള്‍. കാവുകള്‍ ഉണരുന്ന തുലാം മാസത്തിനു മുമ്ബേ തെയ്യച്ചമയങ്ങളും, അണിയങ്ങളും, ആടയാഭരണങ്ങളും മിനുക്കി ഒരുക്കണം.
തെയ്യങ്ങള്‍ അരങ്ങൊഴിയുന്ന മിഥുനം മുതല്‍ തുലാം വരെ തെയ്യക്കോലങ്ങളുടെ ആടയാഭരണങ്ങളുടെ നിര്‍മ്മാണ കാലമാണ്. കാവില്‍ ഭഗവതിമാരുടെ വെള്ളോട്ട് ചിലമ്ബൊലികള്‍ ഉണരുമ്ബോഴേക്കും അണിയങ്ങളും ഒരുങ്ങി തീരണം. ആടയാഭരണങ്ങളുടെ ചെറു മിനുക്കുപണികള്‍ മുതല്‍ പുതിയവ നിര്‍മ്മിച്ചെടുക്കുന്നത് വരെയുള്ള ജോലികള്‍ ഇതില്‍ പെടും.
അമ്മദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, വീരന്മാര്‍ തുടങ്ങി നൂറുകണക്കിന് തെയ്യങ്ങള്‍ തുലാം പത്ത് മുതല്‍ കളിയാട്ടക്കാവുകളില്‍ ഉറഞ്ഞാടും. ഇഷ്ടമൂര്‍ത്തികള്‍ ഭക്തര്‍ക്ക് മുന്നില്‍ തിരുമുടിയേറ്റി നൃത്തം വയ്ക്കും, അനുഗ്രഹം ചെരിയും. ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം ഉറഞ്ഞാടുന്നതോടെ കളിയാട്ടക്കാലം അവസാനിക്കും.
തെയ്യക്കാലം: തുലാമാസം (ഒക്ടോബര്‍-നവംബര്‍) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയില്‍ (ജൂണ്‍) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പ്പുറത്ത് കാവില്‍ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.
വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കല്‍പ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് കളിയാട്ടക്കാലത്ത് അനുഗ്രഹം ചൊരിയാനെത്തുന്നത്.