സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി സംരക്ഷിച്ചു: നടി ഗൗതമി ബിജെപി വിട്ടു

0
2160

ചെന്നൈ> നടി ഗൗതമി ബിജെപി അം​ഗത്വം രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.

‘ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണയില്ല. എന്നാല്‍, അവരില്‍ പലരും എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സ്വത്തുക്കൾ കവര്‍ന്നെടുക്കയും ചെയ്ത വ്യക്തിയെ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി’.- രാജിക്കത്തിൽ ഗൗതമി ആരോപിച്ചു.

രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു. പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന കാര്യത്തിൽ തമിഴ്‍‌നാട് സർക്കാരിൽ വിശ്വാസമർപ്പിക്കുന്നതായും ഗൗതമി വ്യക്തമാക്കി. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ ചേർന്നത്.