ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 270 പേര്‍; അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കും വ്യോമാക്രമണം

0
431

ഗാസ: ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രി വടക്കന്‍ ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. ഇതില്‍ 117 കുട്ടികളും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഹമാസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഖാന്‍ യൂനിസിലേക്ക് കയറിയ സൈനികര്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഹമാസ് വിശദീകരിക്കുന്നത്. െലബനോന്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ പോസ്റ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

അതിനിടെ, കൂടുതല്‍ സഹായവുമായി ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റാഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകള്‍ പാലിച്ചാണ് ട്രക്കുകള്‍ അതിര്‍ത്തി കടന്നത്. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകള്‍ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയിരുന്നു.